പനാജി: ഗോവയില്‍ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4:30 ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം ഇണ്ടായത്.
ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കന്‍ ഗോവ എസ്പി അക്ഷത് കൗശല്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് എത്തുക. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അഗാധമായ വിഷമമുണ്ടെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാമന്ത്രി പറഞ്ഞു. പ്രമോദ് സാവന്ത് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.