'യുദ്ധോപകണങ്ങളുടെ ക്ഷാമം: ഇന്ത്യയുമായി ഏറ്റുമുട്ടിയാല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുക 96 മണിക്കൂര്‍ മാത്രം': റിപ്പോര്‍ട്ട്

'യുദ്ധോപകണങ്ങളുടെ ക്ഷാമം: ഇന്ത്യയുമായി ഏറ്റുമുട്ടിയാല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുക 96 മണിക്കൂര്‍ മാത്രം': റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുമായി യുദ്ധത്തിന് തയാറാണെന്ന് പറയുമ്പോഴും പാക് സൈന്യം നിര്‍ണായകമായ സൈനിക ഉപകരണങ്ങളുടെ ക്ഷാമം നേരിടുകയാണെന്നും ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ നാല് ദിവസം വരെ മാത്രമാണ് അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവുകയെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്.

വര്‍ധിച്ചു വരുന്ന ആഗോള ഡിമാന്‍ഡും കാലഹരണപ്പെട്ട ഉല്‍പാദന സൗകര്യങ്ങളും മൂലം സൈന്യത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ആയുധങ്ങള്‍ വീണ്ടും ലഭ്യമാക്കാന്‍ പാടുപെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുമായി ശക്തമായ ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ വെറും 96 മണിക്കൂര്‍ മാത്രമാണ് പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുക.

ഇന്ത്യന്‍ സൈനിക നടപടിയെ നേരിടുന്നതിനായി എം 109 ഹോവിറ്റ്സറുകള്‍ക്ക് ആവശ്യമായ 155 എംഎം ഷെല്ലുകളോ ബിഎം 21 സിസ്റ്റങ്ങള്‍ക്ക് ആവശ്യമായ 122 എംഎം റോക്കറ്റുകളോ പാക് സൈന്യത്തിന്റെ പക്കലില്ല.

സൈന്യത്തിന്റെ ആയുധ ക്ഷാമത്തെക്കുറിച്ച് കഴിഞ്ഞ ദിവസ നടന്ന പാക് സ്പെഷ്യല്‍ കോപ്‌സ് കമാന്‍ഡേഴ്സ് യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നതായും വിവരമുണ്ട്. ദീര്‍ഘകാല സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന്റെ പക്കല്‍ ആയുധങ്ങളോ സാമ്പത്തിക ശക്തിയോ ഇല്ലെന്ന് പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ തുറന്നു സമ്മതിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.