അംഗ രാജ്യങ്ങളുടെ ചോദ്യശരങ്ങളില്‍ പുളഞ്ഞ് പാകിസ്ഥാന്‍; ഭീകരാക്രമണവുമായി ബന്ധമില്ലെന്ന വാദം തള്ളി യു.എന്‍ സുരക്ഷാ കൗണ്‍സില്‍

അംഗ രാജ്യങ്ങളുടെ ചോദ്യശരങ്ങളില്‍ പുളഞ്ഞ് പാകിസ്ഥാന്‍; ഭീകരാക്രമണവുമായി ബന്ധമില്ലെന്ന  വാദം തള്ളി യു.എന്‍ സുരക്ഷാ കൗണ്‍സില്‍

ന്യൂയോര്‍ക്ക്: യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തില്‍ അംഗ രാജ്യങ്ങളുടെ ചോദ്യശരങ്ങളില്‍ പതറി പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍  ഇന്നലെ  അടിയന്തര യോഗം ചേര്‍ന്നത്.

ദീര്‍ഘനാളായി പാകിസ്ഥാാനുമായി ബന്ധമുള്ള ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോ എന്നതായിരുന്നു പാകിസ്ഥാന്‍ നേരിട്ട പ്രധാന ചോദ്യം. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്നത് പാകിസ്ഥാന് തിരിച്ചടിയായി.

സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമാക്കി മാറ്റാനുള്ള പാകിസ്ഥാന്‍ നീക്കത്തിനും യോഗത്തില്‍ തിരിച്ചടി നേരിട്ടു. ഇന്ത്യയുമായുള്ള ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു ഇസ്ലാമാബാദിനോട് മറ്റ് അംഗ രാജ്യങ്ങള്‍ നിര്‍ദേശിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയേണ്ടതുണ്ടെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിനോദ സഞ്ചാരികള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യം വെക്കപ്പെട്ടത് ചില അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.

പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണങ്ങളും മറ്റും സാഹചര്യം വഷളാക്കാന്‍ കാരണമായെന്ന് പല രാജ്യങ്ങളും കുറ്റപ്പെടുത്തി. ഫത്ത സീരീസില്‍പെട്ടതും 120 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ പാകിസ്ഥാന്‍ തിങ്കളാഴ്ച പരീക്ഷിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.