ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം മാറ്റി വെച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു.
'ഇന്റലിജന്‍സ് പരാജയം ഉണ്ട്. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടുണ്ട്. അവരത് പരിഹരിക്കും. അവര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നും ചെയ്തില്ല? ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പ്് പ്രധാനമന്ത്രി മോഡിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അയച്ചതായും അതിനാല്‍ അദേഹം കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു'- ഖാര്‍ഗെ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തില്‍ ഗുരുതരമായ വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണ്. 26 പേരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയം ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാമെങ്കില്‍ എന്തുകൊണ്ട് നല്ല ക്രമീകരണങ്ങള്‍ ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ചോദ്യമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.