ന്യൂഡല്‍ഹി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്ന നാളെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു.
രാജ്യത്തെ എല്ലാ ബിഷപ്പുമാരെയും വൈദികരെയും സന്യാസ സമൂഹങ്ങളെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്.
വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ സഭയെ നയിക്കുന്നതിന് ക്രിസ്തുവിന്റെ യഥാര്‍ഥ ഇടയനും ജ്ഞാനിയും ധീരനുമായ ഒരു മാര്‍പാപ്പയെ ലഭിക്കാന്‍ സഭാ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് സര്‍ക്കുലറില്‍ സിബിസിഐ പ്രസിഡന്റ് ആവശ്യപ്പെട്ടു.
കര്‍ദിനാള്‍ കോളജിന് പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിനായാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് ആഗോള കത്തോലിക്ക സഭയ്ക്ക് ഗൗരവമേറിയതും കൃപ നിറഞ്ഞതുമായ നിമിഷമാണെന്നു ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വിശ്വാസവും പങ്കുവെയ്ക്കലും കൊണ്ട് നമ്മെ നയിക്കുന്ന ഒരു വിശുദ്ധനും ജ്ഞാനിയും ധീരനുമായ പാപ്പയെ നല്‍കി കര്‍ത്താവ് സഭയെ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
വിശ്വാസികളെ ഇക്കാര്യം അറിയിക്കണമെന്നും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഭക്തിയോടെയും ആദരവോടെയും നടത്തണമെന്നും അദേഹം നിര്‍ദേശിച്ചു. ഈ നിര്‍ണായക സമയങ്ങളില്‍ ഭാരത കത്തോലിക്ക സഭ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം ചേരുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.