ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ സൈന്യം അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാല്‍ എന്നയാളെ ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചിരിക്കുന്നതെന്നാണ് വിവരം. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
നേരത്തെ ജമ്മു കാശ്മീരില്‍ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് പാകിസ്ഥാന്‍ പൗരനെ പിടികൂടിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് അതിര്‍ത്തിയില്‍ നിന്ന് പാക് പൗരനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. ഇയാളെയും ചോദ്യം ചെയ്തു വരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്ന് നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ പൗരനെ ബിഎസ്എഫ് സംഘം പിടികൂടി ദിവസങ്ങള്‍ക്കിപ്പുറമാണ് സമാനമായി പൂഞ്ചില്‍ നിന്നും മറ്റൊരാളെയും പിടികൂടിയിരിക്കുന്നത്.
പാകിസ്ഥാന്‍ സ്വദേശിയായ ഹുസൈനാണ് (24) അറസ്റ്റിലായത്. ഇയാളില്‍ നിന്നും പാകിസ്ഥാന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പഞ്ചാബ് പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.