ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; ചര്‍ച്ചകള്‍ വിജയകരമെന്ന് പ്രധാനമന്ത്രി

ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; ചര്‍ച്ചകള്‍ വിജയകരമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോഡി എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

കരാര്‍ ഒപ്പിടാന്‍ യു.കെ പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയേക്കും. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ധിക്കുമെന്നും മോഡി എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളാണ് പൂര്‍ത്തിയായിരിക്കുന്നത്.

യു.കെയുടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്ത്യക്കാരുടെ വിസ, യു.കെയില്‍ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാര്‍ബണ്‍ ബഹിര്‍ഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉല്‍പാദനത്തിന് യു.കെ ചുമത്തുന്ന കാര്‍ബണ്‍ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോഡി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതിനൊപ്പം പലയിനങ്ങളിലും പരസ്പരം നികുതി കുറയ്ക്കുകയും ചെയ്യും. യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ് സ്വതന്ത്ര വ്യാപാര കരാര്‍. മാത്രമല്ല യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം യു.കെയെ സംബന്ധിച്ച് ഏറെ അത്യാവശ്യമായിരുന്നു ഇന്ത്യയെ പോലെയൊരു വിപണി ലഭിക്കുക എന്നത്.

കരാര്‍ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല യു.കെയില്‍ നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നികുതി കുറയും. ഇതിന് പുറമെ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ എത്തിയേക്കും.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.കെയില്‍ കൂടുതല്‍ വിപണി തുറന്നുകിട്ടും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി, ആരോഗ്യ മേഖലകള്‍ക്ക് പുറമെ ഇന്ത്യയുടെ ടെക്സ്റ്റൈല്‍, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.