ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താല്‍കാലികമായി അടച്ചു. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടുത്ത 48 മണിക്കൂര്‍ സമയത്തേക്കാണ് അടച്ചത്. കൂടാതെ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുമുണ്ട്. പാകിസ്ഥാനിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ന് ഉച്ചയ്ക്ക് 12 വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങള്‍ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നും സമയക്രമീകരണങ്ങള്‍ക്കും അറിയിപ്പുകള്‍ക്കുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങള്‍ അടച്ചത്. പാക് അധീന കാശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1: 44 ഓടെ ആയിരുന്നു സൈനിക നടപടി.