ഭീകരര്‍ക്ക് പിന്തുണയില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിഞ്ഞു; കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സൈന്യം

 ഭീകരര്‍ക്ക് പിന്തുണയില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിഞ്ഞു; കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സൈന്യം

ഇസ്ലമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈനികരും.

ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണിത്.

പാക് അധീന കാശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്ഐ ഏജന്റുമാരും പാക് പൊലീസും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

പാകിസ്ഥാനിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രം തകര്‍ന്നത്. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പായിരുന്നു ഇത്.

ഇതിന് പുറമെ മുരിഡ്കെയില്‍ കൊല്ലപ്പെട്ട ലഷ്‌കറെ ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് വിവരം. പാക് പഞ്ചാബ് പൊലീസിലെ ഉന്നതരും സംസ്‌കാര ചടങ്ങില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പുലര്‍ച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യന്‍ സൈന്യം പാകിസ്താന് തിരിച്ചടി നല്‍കിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ലഷ്‌കറെ, ജെയ്‌ഷെ താവളങ്ങള്‍ തകര്‍ത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നല്‍കിയത്.

ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടിരുന്നു. മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക് സൈനികര്‍ യൂണിഫോമില്‍ തന്നെ എത്തി സൈനിക ബഹുമതിയോടെ സംസ്‌കാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

മസൂദ് അസറിനെ യുഎന്‍ രക്ഷാസമിതി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഈ ഭീകരസംഘടനയില്‍ പെട്ടവര്‍ക്ക് ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിച്ചത് ഭീകരവാദത്തിനുള്ള പാക് പിന്തുണയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വലയിരുത്തല്‍.

പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവല്‍പുര്‍, റവാലകോട്ട്, ഭിംബര്‍, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.