നാളെ സര്‍വകക്ഷി യോഗം; പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ മാറ്റിവച്ചു

നാളെ സര്‍വകക്ഷി യോഗം; പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബുധനാഴ്ചയാണ് യോഗം ചേര്‍ന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രിസഭാ സുരക്ഷാ സമിതിയുടെ യോഗത്തിനും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.

പാകിസ്ഥാനില്‍ നിന്നുള്ള സാധ്യമായ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ പ്രധാന ഇന്‍സ്റ്റാളേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ കക്ഷി യോഗം ചേരും. നാളെ രാവിലെ 11 മണിക്കാണ് യോഗം ചേരുക. സര്‍വ കക്ഷി യോഗത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഓപ്പറേഷനെക്കുറിച്ച് എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും വിശദീകരണം നല്‍കും.

ഇന്ത്യന്‍ പാര്‍ലമെന്ററി മന്ത്രി കിരണ്‍ റിജിജുവും യോഗത്തില്‍ പങ്കെടുക്കും. അതേസമയം പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ യാത്രകള്‍ മാറ്റി വച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 13 മുതല്‍ 17 വരെ ഉള്ള നോര്‍വേ, ക്രൊയേഷ്യ, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് മാറ്റിവച്ചത്.

അതേസയമം ഇന്ന് പുലര്‍ച്ചെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പകരം ചോദിച്ചത്. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈല്‍ ആക്രമണം നടത്തിയത്. ജെയ്ഷെ-ഇ-മുഹമ്മദ് ശക്തികേന്ദ്രമായ ബഹവല്‍പൂരും ലഷ്‌കറെ തൊയ്ബയുടെ താവളമായ മുരിദ്കെയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ആക്രമണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.