ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടി.ആര്‍.എഫ്) തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുല്ലിന് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതിന് മുമ്പാണ് സജ്ജാദിന് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീനഗര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കാന്‍ കേരളത്തില്‍ വന്നിരുന്നു.
പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്ന് ശ്രീനഗറില്‍ എത്തിയ ശേഷം അവിടെ മെഡിക്കല്‍ ലാബ് തുടങ്ങി. സ്വന്തമായി ലാബ് നടത്തി വരുന്നതിനിടെയാണ് ഇയാള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. ആദ്യകാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്തായിരുന്നു ഗുല്ലിന്റെ തുടക്കം.
കാശ്മീരില്‍ ഭീകരാക്രമണം നടത്തുന്നതിനായി പാക് ചാര സംഘടനയായ ഐഎസ്ഐ ആണ് സജ്ജാദിനെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നത്. പിന്നീടാണ് ഇയാള്‍ ടി.ആര്‍.എഫ് തലവനെന്ന നിലയിലേക്ക് കൊടുംഭീകരനായി വളര്‍ന്നത്.
2002 ല്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആര്‍ഡിഎക്സുമായി ഇയാള്‍ പിടിയിലായിരുന്നു. പിന്നീട് 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. 2022 ല്‍ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അമ്പത് വയസുകാരനായ സജ്ജാദിന്റെ തലയ്ക്ക് 10 ലക്ഷം രൂപയാണ് എന്‍ഐഎ ഇനാം പ്രഖ്യാപിച്ചിരുന്നത്.