സംഘര്‍ഷം രൂക്ഷം: തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് ഡ്രോണുകളും വിമാനങ്ങളും ഇന്ത്യന്‍ സേന വെടിവച്ചിട്ടു

സംഘര്‍ഷം രൂക്ഷം: തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് ഡ്രോണുകളും വിമാനങ്ങളും ഇന്ത്യന്‍ സേന വെടിവച്ചിട്ടു

ശ്രീനഗര്‍: ജമ്മുവിലും പഞ്ചാബിലുമടക്കം ആക്രമണം നടത്താനെത്തിയ പാക് ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാക്ക് ആക്രമണ ശ്രമം നടത്തിയത്. വിമാനത്താവളത്തിന് കേടുപാടുകളുണ്ടോ എന്നതില്‍ വ്യക്തതയില്ല. വ്യോമസേനയുടെ താവളം കൂടി പ്രവര്‍ത്തിക്കുന്ന സ്ഥലം കൂടിയാണ് ജമ്മു വിമാനത്താവളം.

അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണാക്രമണ ശ്രമവും മിസൈലാക്രമണ ശ്രമവും ഇന്ത്യ തകര്‍ത്തിരുന്നു. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യന്‍ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. ജമ്മുവില്‍ മൊബൈല്‍ ഫോണ്‍ സേവനം തടസപ്പെട്ടു.

ജമ്മുവില്‍ തുടര്‍ച്ചയായ അപായ സൈറണുകള്‍ മുഴങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കരുതലിന്റെ ഭാഗമായി ജമ്മുവില്‍ വെളിച്ചം അണച്ചു. കാശ്മീരിലെ അഖ്‌നൂര്‍, സാംബ, കഠ്വ എന്നിവിടങ്ങളില്‍ വെടിവയ്പ് നടക്കുന്നതായാണ് വിവരം. രണ്ട് വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

ജമ്മു കാശ്മീരിന് പുറമെ പഞ്ചാബിലെ ഗുര്‍ദാസ്പുരിലും പഠാന്‍കോട്ടിലും രാജസ്ഥാന്റെ അതിര്‍ത്തി മേഖലകളിലും വിളക്കുകള്‍ അണച്ചു. കാശ്മീരിലും പഞ്ചാബിലും ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.