ന്യൂഡല്‍ഹി: ജമ്മുവിലെ സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യയുടെ ശക്തമായ തിരിച്ചടികള്‍ക്കിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ലാഹോറില്‍ കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേനയും ആക്രമണം നടത്തി. ഇതോടെ പാകിസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിയിരിക്കുകയാണ്.
ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കറാച്ചിയിലേക്ക് കനത്ത മിസൈല്‍ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്ത് നിന്ന് തുടര്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിന് കനത്ത നാശനഷ്ടമുണ്ടായി. സിയാല്‍ക്കോട്ടിലും ലഹോറിലും റാവല്‍പിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
കര, നാവിക, വ്യോമ സേനകള്‍ പാകിസ്ഥാനിലാകെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. പിന്നാലെ സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. അതേസമയം ഇന്ത്യയുടെ ആക്രമണത്തിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഷഹബാസ് ഷെരീഫിന്റെയും പാക് സൈനിക മേധാവി അസീം മുനീറിന്റെയും വീടുകള്‍ക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.