ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍: സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിങ്; ഉടന്‍ മോഡിയെ കാണും

ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍: സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിങ്; ഉടന്‍ മോഡിയെ കാണും

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്റെ കടന്നുകയറ്റവും ആക്രമണവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സേനാ മേധാവിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.

പ്രതിരോധ മന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് എന്നിവര്‍ പങ്കെടുത്തു.

വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിന്റെയും തുടര്‍ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. യോഗ ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധമന്ത്രിക്കൊപ്പം മോഡിയെ കാണാനെത്തും. ഇതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വ്യാഴാഴ്ചയുണ്ടായ പാക് ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ വരെ നിരീക്ഷിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ സ്ഥിതി വിലയിരുത്താനായി കേന്ദ്രമന്ത്രി അമിത് ഷായും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ബിഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, ആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ മേധാവിമാരുടെ യോഗമാണ് അമിത് ഷാ വിളിച്ചിട്ടുള്ളത്.

അതിനിടെ ജമ്മുവില്‍ ഏഴ് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ സാംബയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തകര്‍ത്തിട്ടുണ്ട്. ഉറിയിലും പൂഞ്ചിലുമുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രാജ്യത്തുടനീളം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചണ്ഡീഗഡിലും പട്യാലയിലും എയര്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.