'നൂറിലധികം ഭീകരരെ വധിച്ചു, 40 പാക് സൈനികര്‍ കൊല്ലപ്പെട്ടു'; ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് സേനാ ഉദ്യോഗസ്ഥര്‍

'നൂറിലധികം ഭീകരരെ വധിച്ചു, 40 പാക് സൈനികര്‍ കൊല്ലപ്പെട്ടു'; ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് സേനാ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥര്‍. മെയ് ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകര കേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദേഹം പറഞ്ഞു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം വ്യക്തമാക്കി. സായുധ സേനയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് ഏഴിനും പത്തിനും ഇടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും സേനാ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഇന്ത്യ തകർത്ത പാക് ഭീകരകേന്ദ്രങ്ങൾ

അധിനിവേശ കാശ്മീരിലെ അഞ്ച് ഭീകര കേന്ദ്രങ്ങളും പാകിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യ തകര്‍ത്തത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്ന ബിലാല്‍ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ബഹവല്‍പുര്‍, മുരിദ്കെ, സര്‍ജല്‍, മെഹ്മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐസി -814) ഹൈജാക്കിങിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ 2019 ലെ പുല്‍വാമ ആക്രമണത്തിലും ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി പാക് തീവ്രവാദികള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രതയോടെയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.