ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ന് രാത്രിയിലോ പിന്നീടോ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന് 'ഹോട്ട്ലൈന്‍' സന്ദേശം അയച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച രാത്രി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇനി ഏതെങ്കിലും തരത്തില്‍ അതിര്‍ത്തി ലംഘനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കരസേനാ മേധാവിയ്ക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്ന് പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന വ്യക്തമാക്കി ഒരു 'ഹോട്ട്‌ലൈന്‍' സന്ദേശം പാക് ഡിജിഎംഒയ്ക്ക് അയച്ചതായി ലെഫ്റ്റനന്റ് ജനറല്‍ ഘായ് വ്യക്തമാക്കി. ഇന്ത്യന്‍ സേന എന്തുചെയ്യുമെന്ന് പാകിസ്ഥാന് അറിയാമെന്ന് നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിഎന്‍ഒ) വൈസ് അഡ്മിറല്‍ എ.എന്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.