'ഭീകരവാദികളെ വീട്ടില്‍ക്കയറി വധിക്കും'; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ശക്തമായ സന്ദേശം

'ഭീകരവാദികളെ വീട്ടില്‍ക്കയറി വധിക്കും'; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ശക്തമായ സന്ദേശം

ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്കും പിന്തുണക്കാര്‍ക്കും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ശക്തമായ സന്ദേശം. ഭീകരവാദികള്‍ എവിടെ ആയിരുന്നാലും അവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരിക്കും എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിനും പാകിസ്ഥാനും കാണിച്ചുകൊടുത്തത്.

ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് പകരം ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നതിലേക്ക് ഇന്ത്യ നയം മാറ്റുകയായിരുന്നു. അങ്ങനെയാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അതുമാത്രം പോരെന്ന് വ്യക്തമായി. അങ്ങനെയാണ് ബാലക്കോട്ട് ഉള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനുള്ളില്‍ കടന്ന് ആക്രമണം നടത്തി. ഈ ആക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ഭീകരവാദികളെ അവരുടെ വീട്ടില്‍കയറി കൊല്ലുമെന്നതാണ് ഇനിയുള്ള നയമെന്ന് 2019 ല്‍ മോഡി ഗുജറാത്തിലെ ഒരു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തോടെ ഭീകരവാദികള്‍ക്ക് മറുപടി കുറച്ചുകൂടി മനസിലാക്കുന്ന തരത്തിലാക്കണമെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ പലപ്പോഴായി ആക്രമണം നടത്തുന്ന ഭീകരവാദികളുടെ ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. അങ്ങനെ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തോയ്ബ തുടങ്ങിയ ഭീകരവാദികളുടെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളും അവയുടെ പ്രധാനപ്പെട്ട കൊടുംഭീകരന്മാരും എവിടെയൊക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെയെല്ലാം ഇന്ത്യ ആക്രമണം ശക്തമായി ആക്രമണം അഴിച്ചുവിട്ടു.

പഹല്‍ഗാമിലെ 26 പേരുടെ മരണത്തിന് കൂട്ടുനിന്ന ഭീകരവാദികളുടെ കേന്ദ്രങ്ങളും നേതാക്കളുമാണ് ഇന്ത്യയുടെ ആക്രമണത്തില്‍ ഇല്ലാതായത്. പാകിസ്ഥാനിലെ നാലിടത്തും പാക് അധീന കാശ്മീരിലെ അഞ്ചിടത്തും ഇന്ത്യ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആക്രമണം നടത്തുന്നവരെയും അവര്‍ക്ക് നിര്‍ദേശം നല്‍കുന്ന ബുദ്ധികേന്ദ്രങ്ങളെയാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയെ ആക്രമിക്കുന്ന ഭീകരവാദികള്‍ക്ക് പാകിസ്ഥാനില്‍ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന സന്ദേശം വ്യക്തമായി ബോധ്യപ്പെടുത്തിയെന്നാണ് സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നത്.

നിയന്ത്രണരേഖയില്‍ മാത്രമല്ല പാകിസ്ഥാനിലേക്ക് 100 കിലോമീറ്ററോളം ഉള്ളില്‍വരെ ഇന്ത്യ ആക്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനും അവര്‍ ചരടുവലിക്കുന്ന ഭീകരവാദികള്‍ക്കും മുന്നില്‍ ഇന്ത്യ ഒരു ലക്ഷ്മണ രേഖ വരച്ചിരിക്കുകയാണെന്ന് സേന വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.