ന്യൂഡല്‍ഹി: തീവ്രവാദത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സേനകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുതൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിജയത്തിന്റെ ഈ വീര്യം രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും എല്ലാ സഹോദരിമാര്‍ക്കും രാജ്യത്തെ എല്ലാ പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ല. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തിന്റെ പ്രതിബിംബമായിരുന്നു. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ചവച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരതയാണ്. രാജ്യത്തിന്റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കണ്ടു. സായുധ സേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജന്‍സിയേയും ശാസ്ത്രജ്ഞരേയും അഭിവാദ്യം ചെയ്യുന്നു.
പഹല്‍ഗാമില്‍ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് മതം ചോദിച്ച് കൊലപ്പെടുത്തിയത്. ഭീകരവാദികള്‍ കാണിച്ച ക്രൂരത ലോകത്തെ തന്നെ പിടിച്ചുകുലുക്കി. കുടുംബങ്ങളുടെ മുന്നില്‍ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും മോഡി വ്യക്തമാക്കി. ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ല.
ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടി വരും. പ്രതികരണം എങ്ങനെവേണമെന്ന് തങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കാശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ഭീകരവാദികള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്ത്യന്‍ മിസൈലും ഡ്രോണുകളും പാകിസ്ഥാനിലെ സ്ഥലങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരവാദികളുടെ കെട്ടിടങ്ങള്‍ മാത്രമല്ല അവരുടെ ധൈര്യവും തകര്‍ന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകര്‍ത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റിയാണെന്നും മോഡി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.