ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനം 88.39. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.41 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 5.94 ശതമാനം പോയിന്റുകൾ നേടി മികവ് പുലർത്തി. പരീക്ഷ എഴുതിയ 91 ശതമാനത്തിൽ അധികം പെൺകുട്ടികളാണ് വിജയിച്ചത്.
cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഡിജി ലോക്കറിലും ഉമങ് (UMANG) ആപ്പിലും ഇത്തവണ ഫലങ്ങൾ ലഭ്യമാകും. പരീക്ഷാർഥിയുടെ റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനന തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് മാർക്ക് ഷീറ്റുകൾ പരിശോധിക്കാൻ സാധിക്കും.
ഈ വർഷം 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 24.12 ലക്ഷം വിദ്യാർഥികൾ 10-ാം ക്ലാസ് പരീക്ഷയും 17.88 ലക്ഷം വിദ്യാർഥികൾ 12-ാം ക്ലാസ് പരീക്ഷയും എഴുതി. 2024-25 അക്കാദമിക് സെഷൻ മുതൽ, അക്കാദമിക സമ്മർദവും അനാരോഗ്യകരമായ മത്സരവും കുറയ്ക്കുന്നതിനായി റിലേറ്റീവ് ഗ്രേഡിങ് സിസ്റ്റമാണ് സിബിഎസ്ഇ പിന്തുടരുന്നത്.