ശ്രീനഗർ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. സംഘത്തിലെ മറ്റൊരു ഭീകരനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ട് മണിക്കൂറായി ഷോപിയാനിലെ സിൻപതർ കെല്ലർ മേഖലയിൽ ഭീകരരുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ തുടരുകയാണ്.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നീ മൂന്ന് ഭീകരർക്കായി ജമ്മു കാശ്മീർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കിയതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ശ്രീനഗർ, പുൽവാമ, ഷോപിയാൻ അടക്കമുള്ള മേഖലയിലെ വിവിധയിടങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. "ഭീകരരഹിത കശ്മീർ" എന്ന സന്ദേശമുൾപ്പെടുത്തി കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകുന്നവരുടെ ഐഡൻ്റിറ്റി സംരക്ഷിക്കുമെന്നും സുരക്ഷാ ഏജൻസി പതിപ്പിച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.