ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യം വധിച്ച മൂന്ന് ഭീകരവാദികളില്‍ ഒരാള്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തയാളെന്ന് സുരക്ഷാ ഏജന്‍സികള്‍.
ആസിഫ് ഷെയ്ക്ക്, അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരില്‍ ആസിഫ് ഷെയ്ക്ക് പഹല്‍ഗാം ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ഇയാളുടെ വീട് നേരത്തെ അധികൃതര്‍ തകര്‍ത്തിരുന്നു.
പുല്‍വാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.
ഷോപിയാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. ഈ സമയത്താണ് ത്രാലില്‍ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്.