ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും സംബന്ധിച്ച് യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം.
ഭീകര സംഘടനകളെ നിര്‍ണയിക്കുന്ന ഉപരോധ സമിതിയുടെ മോണിറ്ററിങ് കമ്മിറ്റിയെ ഇന്ത്യന്‍ സംഘം കാണും. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകള്‍ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കും.
ഇതിനായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡര്‍ പി. ഹരീഷാകും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുക. യു.എന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകള്‍ ബോധ്യപ്പെടുത്തും.
അതിനിടെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി ഫോണില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ പാലിക്കുമെന്ന ഉറപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.