ബിജാപുര്‍: സിആര്‍പിഎഫ് ഡോഗ് സ്‌ക്വാഡിലെ മിടുക്കിയായ നായ റോളോയ്ക്ക് വിട. ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ മാവോവാദി വിരുദ്ധ ഓപ്പറേഷനിടെ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് റോളോയുടെ ജീവന്‍ പൊലിഞ്ഞത്.
കൊറഗോത്തലു ഹില്‍സില്‍ 21 ദിവസം നീണ്ടുനിന്ന രാജ്യത്തെ ഏറ്റവും വലിയ മാവോവാദി വിരുദ്ധ ഓപ്പറേഷനില്‍ സിആര്‍പിഎഫിനൊപ്പം റോളോയും പങ്കെടുത്തിരുന്നു. മെയ് 11 ന് അവസാനിപ്പിച്ച ഓപ്പറേഷനില്‍ 31 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ദൗത്യത്തില്‍ 18 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദൗത്യത്തിനിടെ ഏപ്രില്‍ 27 നാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ റോളോയുടെ ജീവന്‍ പൊലിഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട റോളോയ്ക്ക് രണ്ട് വയസായിരുന്നു. ഐഇഡി ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കള്‍ മണംപിടിച്ച് കണ്ടെത്തുന്നതില്‍ മിടുക്കിയായിരുന്നു റോളോ. അതിനാല്‍ മാവോയിസ്റ്റുകളുടെ ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ച് വനമേഖലയില്‍ നടന്ന ദൗത്യത്തില്‍ റോളോയും പ്രധാന പങ്കുവഹിച്ചിരുന്നു.
ഏപ്രില്‍ 27 ന് വനമേഖലയില്‍ തിരച്ചില്‍ നടക്കുന്നതിനിടെയാണ് റോളോയ്ക്ക് നേരേ തേനീച്ചക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. റോളോയുടെ ഹാന്‍ഡ്ലര്‍മാര്‍ ഉടന്‍ തന്നെ പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് നായയെ സുരക്ഷിതയാക്കിയെങ്കിലും ഷീറ്റിനുള്ളിലൂടെയും തേനീച്ചകള്‍ അകത്തുകടന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് വേദനകൊണ്ട് പുളഞ്ഞ റോളോ ഇതോടെ ഷീറ്റില്‍ നിന്ന് പുറത്തിറങ്ങി. ഇതോടെ കൂടുതല്‍ തേനീച്ചകള്‍ റോളോയെ ആക്രമിച്ചെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏകദേശം 200 തവണയെങ്കിലും റോളോയ്ക്ക് തേനീച്ചകളുടെ കുത്തേറ്റെന്നാണ് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കുത്തേറ്റ് ബോധരഹിതനായ റോളോയെ ഉടന്‍തന്നെ സ്ഥലത്തുനിന്ന് മാറ്റുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.