'ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല; സഹായിക്കാന്‍ കഴിഞ്ഞു': നിലപാട് തിരുത്തി ട്രംപ്

'ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല; സഹായിക്കാന്‍ കഴിഞ്ഞു':  നിലപാട് തിരുത്തി ട്രംപ്

ദോഹ: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന നിലപാട് തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല.

പക്ഷേ, സംഘര്‍ഷം പരിഹരിക്കുന്നതില്‍ സഹായിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് അദേഹം അവകാശപ്പെട്ടു. ഖത്തറില്‍ യു.എസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

'താന്‍ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ച്ചയായും സഹായിച്ചു. പ്രശ്‌നങ്ങള്‍ കൂടുതല്‍ ശത്രുതാപരമായി മാറുകയായിരുന്നു. ഞങ്ങള്‍ അത് പരിഹരിച്ചു.

ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാന്‍ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു' - ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള 'ആണവ സംഘര്‍ഷം' തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരു രാജ്യങ്ങളുമായും അമേരിക്ക കൂടുതല്‍ വ്യാപാരം നടത്തുമെന്നും അദേഹം പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ധാരണ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും മുന്‍പേ വിവരം പങ്കുവെച്ചതും ട്രംപായിരുന്നു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ യു.എസ് മധ്യസ്ഥതയോ വ്യാപാര സ്വാധീനമോ ഇല്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.