ന്യൂഡല്‍ഹി: റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
അതേസമയം പഹല്‍ഗാം ഭീകരവാദ ആക്രമണത്തെത്തുടര്‍ന്ന് അടച്ച ഇന്ത്യ-പാക് അതിര്‍ത്തി അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോര്‍ഡര്‍ തുറന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്ക് ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. ഏപ്രില്‍ 24 മുതല്‍ അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ട്രക്കുകള്‍.
കരയിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നിരിക്കുന്നത്. ഇന്തോ ഫോറിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബി.കെ ബജാജ് ട്രക്കുകള്‍ അതിര്‍ത്തി കടന്നതായി സ്ഥിരീകരിച്ചു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കര്‍ശന നിയന്ത്രണങ്ങളാണ് ഇന്ത്യ ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തിയത്. ഇസ്ലമാബാദിലെ അഫ്ഗാന്‍ എംബസിയുടെ ഇടപെടലിന് പിന്നാലെയാണ് ട്രക്കുകള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്. ഏപ്രില്‍ 25ന് മുമ്പ് പാകിസ്ഥാനിലെത്തിയ ട്രക്കുകളാണ് നിലവില്‍ അതിര്‍ത്തി കടന്നത്.