കത്തോലിക്കാ കോൺഗ്രസ് അന്താരാഷ്ട്ര സമ്മേളനം ജനസാ​ഗരമായി; കത്തോലിക്കർ കരഞ്ഞാലും പാല് കിട്ടാത്ത അവസ്ഥയിലെന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍

കത്തോലിക്കാ കോൺഗ്രസ് അന്താരാഷ്ട്ര സമ്മേളനം ജനസാ​ഗരമായി; കത്തോലിക്കർ കരഞ്ഞാലും പാല് കിട്ടാത്ത അവസ്ഥയിലെന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍

പാലക്കാട്: സിറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ അന്താരാഷ്ട്ര സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പാലക്കാട് നടന്നു. കോട്ട മൈതാനത്ത് നിന്ന് ആരംഭിച്ച് സെന്റ് റാഫേൽ കത്തീഡ്രൽ പള്ളി അങ്കണത്തിൽ സമാപിച്ച അവകാശ പ്രഖ്യാപന റാലി ജനസാ​ഗരമായി മാറി.

തുടർന്ന് നടന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺ​ഗ്രസ് ഒരിക്കലും കത്തോലിക്കർക്ക് വേണ്ടി സംസാരിച്ച പ്രസ്ഥാനമല്ലെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഒരു സമു​ദായ സംഘടന എങ്ങനെയാണ് ഒരു രാഷ്ട്രത്തിന്റെ നിർമാണ പ്രവൃത്തിയിൽ പങ്ക് ചേരുന്നത് എന്ന് ആധികാരികമായി സാക്ഷ്യം വഹിച്ച സംഘടനയാണ് കത്തോലിക്ക കോൺ​ഗ്രസ്. നാം എല്ലാം സംഘടനകൾക്കും സമുദായങ്ങൾക്കും വേണ്ടി സംസാരിച്ചെങ്കിലും നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാതായെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

വന്യജീവി വിഷയത്തിൽ സർക്കാരിനെതിരെയും മാർ പാംപ്ലാനി ആഞ്ഞടിച്ചു. ഇടത് മുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം വന്യമൃ​ഗങ്ങളുടെ ആക്രമണങ്ങൾക്കിരയാകുന്നത് എത്രയോ പാവപ്പെട്ടവരാണെന്ന് നാം തിരിച്ചറിയണമെന്നും മാർ പാംപ്ലാനി പറഞ്ഞു.

കത്തോലിക്കാ സഭയുടെ കൂട്ടായ്മയും ഐക്യവും പരസ്യവേദിയിൽ പ്രദർശിപ്പിക്കേണ്ടത് നിലിനൽപ്പിന്റെ ആവശ്യമായി വന്നിരിക്കുകയാണ്. അതിനാലാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കത്തോലിക്ക കോൺ​ഗ്രസ് വിശ്വാസികൾ ഒന്നു ചേർന്നതെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. ചില സമു​ദായങ്ങൾക്ക് കരയുന്നതിന് മുന്നേ പാല് കിട്ടുകയാണ് എന്നാൽ കത്തോലിക്കാ സഭക്കാർ കരഞ്ഞാലും പാല് കിട്ടാത്ത അവസ്ഥയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. അമ്പതിനായിരം പേർക്ക് തൊഴിലവസരങ്ങളൊരുക്കുന്ന ജോബ് പോർട്ടൽ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഉ്ദഘാടനം ചെയ്തു. കർഷകർ ഉണ്ടാക്കുന്ന സ്വന്തം സാധനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി എക്കോ ഷോപ്പും (Ecco shop) ആരംഭിച്ചു. വിവിധ സഭാ മേലധ്യക്ഷന്മാരും സമുദായനേതാക്കളും പങ്കെടുത്തു. 

44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽ നിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ​കത്തോലിക്കാ കോൺ‌​ഗ്രസിന്റെ 108ാം വാർഷികാഘോഷം തലശേരിയിൽ നടക്കും. ​ഗ്ലോബൽ കോർഡിനേറ്റർ രാജീവ് കൊച്ചുപുരക്കൽ പതാക കൈമാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.