അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ലക്ഷ്യമിട്ട് മെയ് എട്ടിന് പാകിസ്ഥാന്‍ മിസൈല്‍ തൊടുത്തിരുന്നെന്ന് ഇന്ത്യന്‍ സൈന്യം

അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ലക്ഷ്യമിട്ട് മെയ് എട്ടിന് പാകിസ്ഥാന്‍ മിസൈല്‍ തൊടുത്തിരുന്നെന്ന്  ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യന്‍ സേനയുടെ വെളിപ്പെടുത്തല്‍.

സിഖ് മതവിശ്വാസികളുടെ ആരാധന കേന്ദ്രമായ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ ശ്രമം സൈന്യം തകര്‍ത്തു കളഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളെയും ഡ്രോണുകളെയും പരാജയപ്പെടുത്തിയെന്ന്് ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ ജനറല്‍ കാര്‍ത്തിക് സി. ശേഷാദ്രി സ്ഥിരീകരിച്ചു.

പാകിസ്ഥാന് ഒരിക്കലും നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ ഇടങ്ങള്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ ആക്രമിക്കുമെന്ന് സൈന്യം മുന്‍കൂട്ടി കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണ ക്ഷേത്രം.

ഇതോടെ സുവര്‍ണ ക്ഷേത്രത്തിന് വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. മെയ് എട്ടിന് പുലര്‍ച്ചെ ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഒരു വലിയ വ്യോമാക്രമണം നടത്തി.

പാകിസ്ഥാന്റെ ലക്ഷ്യം എന്താകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കിയിരുന്നു. സുവര്‍ണ ക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തന്നെ തീര്‍ത്തിരുന്നതായി മേജര്‍ ജനറല്‍ ശേഷാദ്രി പറഞ്ഞു.

ആകാശ് മിസൈല്‍ സിസ്റ്റം, എല്‍ 70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.