ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഏത് മേഖലയും ആക്രമിക്കാനുള്ള സൈനിക ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ആര്‍മി എയര്‍ ഡിഫന്‍സ് ലെഫ്റ്റനന്റ് ജനറല്‍ സുമര്‍ ഇവാന്‍ ഡി കുന്‍ഹ. പാകിസ്ഥാന്‍ സൈനിക ആസ്ഥാനം റാവല്‍പിണ്ടിയില്‍ നിന്ന് മാറ്റിയാലും കാര്യമില്ല. അവര്‍ക്ക് ഒളിക്കാന്‍ ആഴത്തിലുള്ള ഗര്‍ത്തം വേണ്ടി വരുമെന്നും കുന്‍ഹ പറഞ്ഞു.
പാകിസ്ഥാന്‍ മുഴുവനായും നമ്മുടെ റേഞ്ചിനുള്ളിലാണ്. നീളത്തിലായാലും കുറുകെയായാലും ആ രാജ്യം മുഴുവന്‍ റേഞ്ചിനുള്ളിലാണ്. സൈനിക ആസ്ഥാനം റാവല്‍പിണ്ടിയില്‍ നിന്ന് ഖൈബര്‍ പക്തൂന്‍ക്വയിലേക്കോ എങ്ങോട്ടേയ്ക്ക് വേണമെങ്കിലോ അവര്‍ക്ക് മാറ്റാം. എങ്ങനെയായാലും അവര്‍ റേഞ്ചിനുള്ളിലാണ്.
പാകിസ്ഥാന് ആഴത്തില്‍ ആഘാതമേല്‍പ്പിക്കാന്‍ ആവശ്യമായ എല്ലാ ആയുധങ്ങളും ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ റാവല്‍പിണ്ടിയില്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. നാല് ദിവസത്തിനിടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലായി ആയിരത്തോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ അയച്ചത്.
ആയുധങ്ങളുമായെത്തിയ എല്ലാ ഡ്രോണുകളും കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ തകര്‍ത്തു. ആക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം ഉറപ്പുവരുത്തിയെന്നും കുന്‍ഹ വ്യക്തമാക്കി.
ഏപ്രില്‍ 22ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ പൗരന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന് തിരിച്ചടിയായി മെയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയത്. ഇതിലൂടെ പാകിസ്ഥാനിലെ നാലും അധിനിവേശ കാശ്മീരിലെ അഞ്ചും ഭീകര ക്യാമ്പുകളാണ് ഇന്ത്യ ചുട്ടെരിച്ചത്.
ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളുടെ ക്യാമ്പുകളാണിവ. 70 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ജയ്ഷെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന്റെ സഹോദരനും സഹോദരിയുമുള്‍പ്പെടെ 10 ബന്ധുക്കളും നാല് അനുയായികളുമുണ്ട്.