ക്വീൻസ്ലാൻഡ് : ഓസ്ട്രേലിയയിലെ വിമാനത്താവളത്തിലെത്തിയ 17 വയസ്സുകാരിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ക്വീന്‍സ്ലാൻഡിലെ ബുണ്ടാബെര്‍ഗ് വിമാനത്താവളത്തില്‍ എത്തിയ പെണ്‍കുട്ടി പിന്നീട് എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല. ഇവിടെ നിന്നും പുറപ്പെട്ട വിമാനത്തില്‍ കയറേണ്ടതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വിമാനത്തില്‍ പെൺകുട്ടി കയറിയിട്ടില്ല. ഫിയോബ് ബിഷപ്പ് എന്നാണ് പെണ്‍കുട്ടിയുടെ പേരെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 15 ന് രാവിലെയാണ് അവസാനമായി കണ്ടത്.
ഒരു സുഹൃത്തിനെ കാണാന്‍ ബ്രിസ്ബേനിലേക്കും തുടര്‍ന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്കും പോകാന്‍ പെണ്‍കുട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പ്രാദേശിക സമയം രാവിലെ 8.30 ഓടെ എയര്‍പോര്‍ട്ട് ഡ്രൈവിന് സമീപം പരിചയക്കാര്‍ ഫിയോബിയെ ഇറക്കിവിട്ടു. പക്ഷേ ടെര്‍മിനലില്‍ പ്രവേശിക്കുകയോ വിമാനത്തിനായി ചെക്ക് ഇന്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ക്വീന്‍സ്ലാന്‍ഡ് പൊലീസ് പറഞ്ഞു.
‘അവള്‍ വിമാനത്താവളത്തില്‍ നിന്ന് തനിയെ മറ്റെവിടേക്കെങ്കിലും പോയോ എന്ന് സ്ഥിരീകരണമില്ലെന്ന് ഡിറ്റക്ടീവ് ആക്ടിംഗ് ഇന്‍സ്പെക്ടര്‍ റയാന്‍ തോംസണ്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.