ആകാശച്ചുഴിയില്‍ അകപ്പെട്ട് ഇന്‍ഡിഗോ വിമാനം: അലറിവിളിച്ച് യാത്രക്കാര്‍; വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു

ആകാശച്ചുഴിയില്‍ അകപ്പെട്ട് ഇന്‍ഡിഗോ വിമാനം: അലറിവിളിച്ച് യാത്രക്കാര്‍; വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴിയിലകപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തര ലാന്‍ഡിങിനുള്ള അറിയിപ്പ് നല്‍കുകയായിരുന്നു. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഭയാനകമായ സാഹചര്യം ഉണ്ടായിരുന്നിട്ടും വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശ്രീനഗറിലേക്ക് വരുന്നതിനിടെ 6E2142 എന്ന വിമാനമാണ് പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നുള്ള പ്രക്ഷുബ്ധതയില്‍ അകപ്പെട്ടത്.

പെട്ടെന്നുള്ള ശക്തമായ ആലിപ്പഴ വര്‍ഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം എത്തിയതിന് ശേഷം യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി അവരെ പരിചരിച്ചു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.