ഇസ്ലാമബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ സിന്ധൂനദിയിലെ വിവാദ കനാല്‍ നിര്‍മാണത്തിനെതിരായ പ്രതിഷേധം ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വടക്കന്‍ സിന്ധിലെ നൗഷരോ ഫെറോസ് ജില്ലയിലെ മോറോ നഗരത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കനാല്‍ നിര്‍മാണ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് അടങ്ങിയ പ്രതിഷേധം വീണ്ടും കടുത്തത്.
വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ സിന്ധ് നാഷണലിസ്റ്റ് പാര്‍ട്ടിയായ ജെഎസ്എംഎം പ്രവര്‍ത്തകനായ സഹീദ് ലാഘാരിയാണ്. രണ്ടാമത്തെ ആളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പതിനഞ്ചോളം പ്രക്ഷോഭകാരികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സഹീദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. ഇവര്‍ ദേശീയപാത തടയുകയും ഓയില്‍ ടാങ്കറുകള്‍ക്ക് തീയിടുകയും ചെയ്തു.
സിന്ധ് ആഭ്യന്തരമന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവുമായ സിയാഉള്‍ ഹസന്‍ ലഞ്ജാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഡ്രോയിങ് റൂം ഉള്‍പ്പെടെയുള്ള ഭാഗത്ത് തീയിടുകയും ചെയ്തു. സിന്ധൂനദിയിലെ ജലത്തിനുമേല്‍ പഞ്ചാബ് പ്രവിശ്യ ആധിപത്യം സ്ഥാപിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സിന്ധ് കേന്ദ്രീകരിച്ചുള്ള പിപിപി, പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെ സര്‍ക്കാരിലെ സഖ്യകക്ഷിയാണ്. സിന്ധ് ഭരിക്കുന്നതും ഇവരാണ്. കനാല്‍ നിര്‍മാണത്തിനെതിരായ പ്രതിഷേധത്തില്‍ ഉറച്ച നിലപാട് എടുക്കാത്തതിന് പിപിപി ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്കെതിരേ ജെഎസ്എംഎമ്മില്‍ നിന്ന് അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോയെ പക്വതയില്ലാത്ത അധികാരമോഹിയെന്നാണ് ജെ.എസ്.എം.എം നേതാവ് ഷാഫി ബുര്‍ഫാത് വിശേഷിപ്പിച്ചത്. പാക് സൈന്യത്തിന്റെ താല്‍പര്യങ്ങള്‍ നടപ്പിലാക്കുവാന്‍ ബിലാവല്‍ ഭൂട്ടോയെ ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പദ്ധതി അവസാനിപ്പിക്കുന്നെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധം അവസാനിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി പുരോഗമിക്കുന്നെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ സ്ഥലത്തുനിന്ന് പോയിരുന്നില്ല. പദ്ധതി നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം പ്രതിഷേധക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായിരുന്നെന്നും സമരക്കാരില്‍ ചിലര്‍ ആരോപിക്കുന്നു. പ്രതിഷേധം മെയ് 19 നാണ് വീണ്ടും ശക്തി പ്രാപിക്കുന്നത്. അഷ്ഫാഖ് മാലിക്
നേതൃത്വം നല്‍കുന്ന സിന്ധ് സഭാ പാര്‍ട്ടിയാണ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍.
കമ്പുകളും വടികളുമായി പ്രതിഷേധിക്കാനെത്തിയവരെ നേരിടുന്നതിനിടെ ഡിഎസ്പിക്കും ആറോളം പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്ഥിതി നിയന്ത്രണാതീതമായതോടെ വടക്കന്‍ സിന്ധിലെ മറ്റ് ജില്ലകളില്‍ നിന്നും ഇവിടേക്ക് പൊലീസിനെ വിന്യസിച്ചു. മോറോ നഗരത്തെ കൂടാതെ കാണ്ടിയാരോ, ഫൈസ്ഗഞ്ജ് തുടങ്ങിയ സമീപ നഗരങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.