ന്യൂഡല്‍ഹി: ബുധനാഴ്ച ആകാശച്ചുഴിയില്‍പ്പെട്ട ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്ഥാന്‍. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് അപ്രതീക്ഷിതമായി ഇന്നലെ ആകാശച്ചുഴിയില്‍പ്പെട്ടത്. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. 227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കിയിരിക്കുകയാണ്.
വിമാനം ശക്തമായി കുലുങ്ങിയപ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിന്‍ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യാത്രക്കാര്‍ കുറിച്ചത്.