ന്യൂഡല്‍ഹി: പ്രസവാ അവധി സ്ത്രീകളുടെ അവകാശമാണെന്നും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെതാണ് നിര്‍ണായക നിരീക്ഷണം. ഒരു സ്ഥാപനത്തിനും സ്ത്രീകളുടെ പ്രസവാവധിക്കുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിയായ സ്ത്രീയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
സര്‍ക്കാര്‍ അധ്യാപികയായ തനിക്ക് പ്രസവാവധി നിഷേധിച്ച് എന്ന് കാണിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ടെന്ന് കാണിച്ചാണ് രണ്ടാം വിവാഹത്തിന് ശേഷമുള്ള പ്രസവാവധി അധ്യപികയ്ക്ക് നിഷേധിച്ചത്. അധ്യാപികയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രസവാവധി പ്രത്യുല്‍പാദന അവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി. ഏതൊരു സ്ത്രീക്കും കുഞ്ഞ് ജനിച്ചതിന് ശേഷം 12 ആഴ്ച വരെ ശമ്പളത്തോടെയുള്ള പ്രസവാവധി എടുക്കാമെന്നായിരുന്നു പ്രസവാവധി നയം.
2017 ല്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് പ്രസവാവധി നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തി. എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. ദത്തെടുത്ത സ്ത്രീകള്‍ക്കും 12 ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ട്.