ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു; രാജിസന്നദ്ധത പ്രകടിപ്പിച്ച് മുഹമ്മദ് യൂനുസ്

ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു; രാജിസന്നദ്ധത പ്രകടിപ്പിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: രാജി സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സൈന്യത്തില്‍ നിന്നും വളരെയധികം എതിര്‍പ്പ് നേരിടുന്നതിനിടെയാണ് യൂനുസ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നയിക്കുന്ന നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് നാഹിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബിബിസി ബംഗ്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പല വിഷയങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായം സാധ്യമാകാതെ വന്നതോടെയാണ് രാജിവെക്കാനുള്ള ആഗ്രഹം യൂനുസ് പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണ നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് തന്റെ മന്ത്രിസഭാംഗങ്ങളോട് യൂനുസ് പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം യൂനുസിനോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് നാഹിദ് ഇസ്ലാം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അദേഹത്തിന് താത്പര്യമില്ലെന്നാണ് നാഹിദ് ഇസ്ലാം പറഞ്ഞത്. അദ്ദേഹത്തിന് സ്വന്തം ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ല. പാര്‍ട്ടികള്‍ക്ക് അദ്ദേഹം രാജിവയ്ക്കണമെന്നാണ് ആഗ്രഹമെങ്കില്‍, വിശ്വാസവും ഉറപ്പും ലഭിക്കാത്ത ഒരിടത്ത് എന്തിന് അദേഹം നില്‍ക്കണമെന്നും നാഹിദ് ഇസ്ലാം ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി) യൂനുസിനെതിരെ ധാക്കയില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെയാണ് യൂനുസ് രാജിസന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.