ഭൗതിക ശാസ്ത്രത്തിലെ നോബൽ സമ്മാനം തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് 

ഭൗതിക ശാസ്ത്രത്തിലെ നോബൽ സമ്മാനം തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് 

സ്റ്റോക്ക്ഹോം: തമോഗർത്തങ്ങളെക്കുറിച്ചുള്ള (ബ്ലാക് ഹോൾസ് ) പഠനങ്ങൾക്ക് മൂന്ന് ശാസ്ത്രജ്ഞർ ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി.

ബ്രിട്ടൻ റോജർ പെൻറോസിന് ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ പകുതി ലഭിക്കുമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ശക്തമായ പ്രവചനമാണ് തമോഗർത്തം രൂപപ്പെടുന്നത് എന്ന കണ്ടെത്തലാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്.

ജർമൻകാരനായ റെയിൻ‌ഹാർഡ് ജെൻ‌സെലിനും അമേരിക്കകാരിയായ ആൻഡ്രിയ ഗെസിനും  നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിൽ ഒരു സൂപ്പർമാസ്സീവ് കോംപാക്റ്റ് ഒബ്ജക്റ്റ് കണ്ടെത്തിയതിന് സമ്മാനത്തിന്റെ രണ്ടാം പകുതി ലഭിക്കുമെന്ന് അക്കാദമിയുടെ സെക്രട്ടറി ജനറൽ ഗോരൻ കെ ഹാൻ‌സൺ പറഞ്ഞു.

ആൽബർട്ട് ഐൻ‌സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി തമോഗർത്തങ്ങളുടെ രൂപീകരണം സാധ്യമാണെന്ന് പെൻറോസ് ഗണിതശാസ്ത്രത്തിലൂടെ തെളിയിച്ചു. സൂര്യന്റെ പിണ്ഡത്തിന്റെ 4 ദശലക്ഷം ഇരട്ടി വലുപ്പം ഉള്ള ഭീമാകാരമായ തമോഗർത്തതിനെ ജെൻസലും ഗെസും ക്ഷീരപഥത്തിന്റെ പൊടി മൂടിയ കേന്ദ്രത്തിൽ കണ്ടെത്തി.

കരൾ നശിപ്പിക്കുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഹാർവേ ജെ ആൾട്ടർ, മൈക്കൽ ഹൗട്ടൺ, ചാൾസ് എം റൈസ് എന്നിവർക്ക് തിങ്കളാഴ്ച നൊബേൽ കമ്മിറ്റി സമ്മാനിച്ചു. രസതന്ത്രം, സാഹിത്യം, സമാധാനം,സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് വരും ദിവസങ്ങളിൽ സമ്മാനം പ്രഖ്യാപിക്കുന്നതായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.