മത പരിവര്‍ത്തനത്തിലോ മനുഷ്യക്കടത്തിലോ കന്യാസ്ത്രീ ഉള്‍പ്പെട്ടിട്ടില്ലെന്നും എല്ലാവരും ജന്മനാ ക്രിസ്ത്യാനികളാണെന്ന് ബോധ്യപ്പെട്ടതായും ഖുര്‍ദയിലെ റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍-ഇന്‍-ചാര്‍ജ് ശങ്കര്‍ റാവു.
ഭുവനേശ്വര്‍: നിയമവിരുദ്ധ മത പരിവര്‍ത്തനം, സ്ത്രീകളെ കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഒഡീഷയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീയെയും ഒപ്പമുള്ളവരെയും ട്രെയിനില്‍ നിന്ന് അപമാനിച്ച് ഇറക്കി വിട്ടു. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് ഏകദേശം 20 കിലോ മീറ്റര്‍ അകലെയുള്ള ഖുര്‍ദ ജംഗ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഭോപ്പാലിലെ ഹോളി ഫാമിലി കോണ്‍വെന്റിലെ കന്യാസ്ത്രീയായ രചന നായകിനെ(29)യും കൂടെയുണ്ടായിരുന്ന ആറ് പേരെയുമാണ് മുപ്പതോളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് ബലമായി ഇറക്കി വിട്ടത്. പിന്നീട് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ 18 മണിക്കൂര്‍ അവിടെ തടങ്കലില്‍ വയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം തെറ്റാണെന്നും സിസ്റ്റര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ സ്വന്തം സഹോദരനും മറ്റുള്ളവരെല്ലാം ക്രിസ്ത്യാനികളുമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് അവരെ സ്‌റ്റേഷനില്‍ നിന്ന് മോചിപ്പിച്ചത്. മൂന്ന് വനിതാ മനുഷ്യാവകാശ അഭിഭാഷകരുടെ ഇടപെടലും നിര്‍ണായകമായി.
ഛത്തീസ്ഗഡിലേക്ക് പോകുന്നതിനായി ശനിയാഴ്ച വൈകുന്നേരമാണ് രചന നായിക്ക് എന്ന കന്യാസ്ത്രീയും അവരുടെ സഹോദരനടക്കം മറ്റ് ആറ് പേരും ബെര്‍ഹാംപൂരില്‍ നിന്ന് രാജ്യറാണി എക്‌സ്പ്രസില്‍ കയറിയതെന്ന് വനിത അഭിഭാഷകരില്‍ ഒരാളായ സുജാത ജെന പറഞ്ഞു.
കൂടെയുള്ളവരില്‍ നാല് പേര്‍ സ്ത്രീകളായിരുന്നു. ജാര്‍സുഗുഡയിലെത്തി അവിടെ നിന്ന് ഛത്തീസ്ഗഡിലേക്ക് പോകാനായിരുന്നു ഉദ്ദേശം. അവിടെ പെണ്‍കുട്ടികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷിലും മറ്റ് ചില ഹ്രസ്വകാല കോഴ്‌സുകളിലും പരിശീലനം നല്‍കുന്നതിനായിരുന്നു യാത്രയെന്നും അവരെല്ലാം കത്തോലിക്കരാണെന്നും അഡ്വ. സുജാത ജെന വ്യക്തമാക്കി.
'യാത്രയ്ക്കിടെ ചിലര്‍ ട്രെയിനില്‍ അവരെ പരിഹസിക്കാന്‍ തുടങ്ങി. കന്യാസ്ത്രീ മത പരിവര്‍ത്തനത്തില്‍ പങ്കാളിയാണെന്ന് ആരോപിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ട്രെയിന്‍ ഖുര്‍ദ ജംഗ്ഷനില്‍ എത്തിയ ഉടന്‍ ഏകദേശം 30 ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി കന്യാസ്ത്രീയെയും നാല് പെണ്‍കുട്ടികളെയും അപമാനിക്കാന്‍ തുടങ്ങി.
മതപരിവര്‍ത്തനത്തിന് പുറമെ, കന്യാസ്ത്രീക്കെതിരെ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകല്‍ എന്ന ഗുരുതരമായ കുറ്റവും അവര്‍ ചുമത്തി ട്രെയിനില്‍ നിന്ന് ബലമായി ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേന ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു'- സുജാത ജെന വെളിപ്പെടുത്തി.
സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും മത പരിവര്‍ത്തനത്തിലോ മനുഷ്യക്കടത്തിലോ കന്യാസ്ത്രീ ഉള്‍പ്പെട്ടിട്ടില്ലെന്നും എല്ലാവരും ജന്മനാ ക്രിസ്ത്യാനികളാണെന്ന് ബോധ്യപ്പെട്ടതായും ഖുര്‍ദയിലെ റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍-ഇന്‍-ചാര്‍ജ് ശങ്കര്‍ റാവു പറഞ്ഞു.