ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ ട്രോഫി നേടിയതിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ വിതുമ്പിക്കരഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.
ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുന്നതിനിടെയാണ് ശിവകുമാറിന്റെ പ്രതികരണം.
സംസ്ഥാനത്തിന് ഹൃദയഭേദകമായ നിമിഷമാണിതെന്നും നമ്മള്‍ ഭരണപരമായ പാഠം പഠിക്കണമെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷം മൃതദേഹങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കട്ടെ. എത്ര മൃതദേഹങ്ങള്‍ വെച്ച് അവര്‍ രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്ന് ഞാന്‍ പറയാം. പക്ഷേ, കൊച്ചുകുട്ടികളെ കാണുന്നത് വേദനാജനകമാണ്. അവരുടെ വേദന ഞാന്‍ കണ്ടിട്ടുണ്ടെന്നും ശിവകുമാര്‍ വിതുമ്പലടക്കി മാധ്യമങ്ങളോട് പറഞ്ഞു.
'ബുധനാഴ്ച സംഭവത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തെ ഒരിക്കലും പ്രതീക്ഷിച്ചില്ല. 35,000 പേര്‍ക്ക് മാത്രം കയറാവുന്ന സ്റ്റേഡിയമാണ്. പക്ഷേ മൂന്നു ലക്ഷത്തിലിധകം ആളുകള്‍ അവിടെയുണ്ടായിരുന്നു. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തകര്‍ന്നു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നു' -ശിവകുമാര്‍ പറഞ്ഞു.
ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവല്‍കരിക്കുകയാണ്. സംഭവത്തില്‍ തങ്ങള്‍ വളരെ ഖേദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദേഹം ഉറപ്പ് നല്‍കി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി കന്നിക്കിരീടമുയര്‍ത്തിയതിന്റെ ആവേശത്തില്‍ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ മരിച്ചത്. ആറ് വയസുകാരിയടക്കം അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്.