വാഷിങ്ടൺ ഡിസി: യുഎസ് കാര്യക്ഷമതാ വകുപ്പില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങളുമായി ഇലോണ്‍ മസ്ക്. ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ടെസ്‌ല സിഇഒ റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമൂഹ മാധ്യമമായ എക്സ് വഴിയായിരുന്നു മസ്കിന്റെ ആരോപണങ്ങള്‍.
ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നാണ് ഇലോണ്‍ മസ്കിന്റെ പ്രധാന ആരോപണം. അതുകൊണ്ടാണ് കേസ് ഫയലുകൾ പുറത്ത് വരാത്തതെന്നും മസ്ക് ആരോപിച്ചു.
"ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു! ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും," മസ്‌ക് എക്സില്‍ കുറിച്ചു.
താൻ ഇല്ലായിരുന്നങ്കിൽ ട്രംപ് 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ട്രംപ് നന്ദികേടാണ് പറയുന്നത്. റിപ്പബ്ലിക്കൻമാരുടെ സെനറ്റിലെ സീറ്റ് നില 51-49 എന്നാകുമായിരുന്നെന്നും മസ്ക് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ യുഎസ് പ്രസിഡൻ്റാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു.