ശ്രീനഗര്‍: മനുഷ്യത്വത്തിനും പാവപ്പെട്ടവരുടെ ഉപജീവന മാര്‍ഗത്തിനു പോലും പാകിസ്ഥാന്‍ എതിരാണെന്നും ഇന്ത്യയില്‍ കലാപം ഉണ്ടാക്കാനാണ് അവര്‍ പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പദ്ധതിയിട്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ജമ്മു കാശ്മീരിലെ കത്രയില്‍ ചെനാബ് റെയില്‍വേ പാലത്തിന്റെയും പുതിയ റെയില്‍ പാതയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
പഹല്‍ഗാം ആക്രമണത്തിന് ഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാകിസ്ഥാന്‍ ഒരിക്കലും കരുതിയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായും പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യത്വത്തെയും കാശ്മീരിന്റെ സാമുദായിക ഐക്യത്തെയുമാണ് പാകിസ്ഥാന്‍ ആക്രമിച്ചത്. ഇന്ത്യയില്‍ കലാപമുണ്ടാക്കുകയും കഠിനാധ്വാനികളായ കാശ്മീരികളുടെ വരുമാനം മുടക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം.
കശ്മീരിലെ ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായ ടൂറിസത്തെയാണ് അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ കാശ്മീരിലെ വീടുകള്‍ക്കും ആശുപത്രികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നേരേ ആക്രമണം നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവുകള്‍ നല്‍കിയതായും മോഡി അറിയിച്ചു.
ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും വീടുകള്‍ക്ക് ചെറിയ കേടുപാടുകളുണ്ടായവര്‍ക്ക് ഒരുലക്ഷം രൂപയും സാമ്പത്തിക സഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നേരത്തേ നല്‍കിയ നഷ്ട പരിഹാരത്തിന് പുറമേയാണ് ഈ അധിക സഹായമെന്നും അദേഹം വ്യക്തമാക്കി.
ചെനാബ് പാലം രാജ്യത്തിന്റെ ശക്തിയുടെ പ്രതീകമാണെന്നും എന്‍ജിനീയറിങ് വിസ്മയമാണെന്നും പറഞ്ഞ മോഡി ജമ്മു കാശ്മീര്‍ വികസന കുതിപ്പിലാണെന്നും 46,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് ഇതോടെ തുടക്കമായിരിക്കുന്നതെന്നും വികസനം മുടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി.