കാര്‍ണി വിളിച്ചു; മോഡി വഴങ്ങി: കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും, മഞ്ഞുരുകുമോ?...

കാര്‍ണി വിളിച്ചു; മോഡി വഴങ്ങി: കാനഡയില്‍ നടക്കുന്ന ജി 7  ഉച്ചകോടിയില്‍ പങ്കെടുക്കും, മഞ്ഞുരുകുമോ?...

ന്യൂഡല്‍ഹി: കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരിട്ട് ക്ഷണിച്ചതോടെയാണ് തീരുമാനം. ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം വഷളായ സാഹചര്യത്തില്‍ അവിടെ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടെയാണ് ജി 7 ഉച്ചകോടിയിലേക്ക് മോഡിയെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരിട്ട് ക്ഷണിച്ചത്. ക്ഷണം ലഭിച്ചതില്‍ സന്തോഷമെന്ന് മോഡി എക്‌സില്‍ കുറിച്ചു.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്താണ് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം തകര്‍ന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് കാരണം. ട്രൂഡോയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടും യാതൊരുവിധ തെളിവുകള്‍ നല്‍കാനും ട്രൂഡോയ്ക്ക് കഴിഞ്ഞിരുന്നില്ല.

പിന്നീട് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമി ആയി എത്തിയ മാര്‍ക്ക് കാര്‍ണി തുടക്കം മുതല്‍ ഇന്ത്യയോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദിനെ നിയമിച്ച് ഇന്ത്യയോടുള്ള തന്റെ സമീപനം കാര്‍ണി വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിനിടെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയ അനിത ആനന്ദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനര്‍നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആ ദിശയിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നും പറഞ്ഞിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.