സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് പുനപരിശോധിക്കണം; ആവശ്യം ഉന്നയിച്ച് പാകിസ്ഥാന്‍ കത്തയച്ചത് നാല് തവണ

സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് പുനപരിശോധിക്കണം; ആവശ്യം ഉന്നയിച്ച് പാകിസ്ഥാന്‍ കത്തയച്ചത് നാല് തവണ

ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ട്. ജല ലഭ്യതക്കുറവ് കാരണം പാകിസ്ഥാന്‍ രൂക്ഷമായ വളര്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന. പാകിസ്ഥാനിലേയും പാക് അധിനിവേശ കാശ്മീരിലേയും ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും പാകിസ്ഥാന്‍ കരാര്‍ വിഷയത്തില്‍ കത്തയച്ചതായാണ് സൂചന.

ഭീകരതയും വ്യാപാരവും ഒന്നിച്ചു മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നുമായിരുന്നു ഇന്ത്യ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരസ്പര വിശ്വാസവും സൗഹൃദവും അടിസ്ഥാനമാക്കി തയ്യാറാക്കിയ സിന്ധു നദീജലക്കരാറിന്റെ അന്തസത്തയ്ക്കെതിരെയാണ് പാകിസ്ഥാന്‍ പ്രവര്‍ത്തിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുര്‍താസ ജല്‍ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ കടുത്ത നിലപാടുകള്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രതികൂലമാകും എന്നതിനാല്‍ ഇന്ത്യയുമായുള്ള സാമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.