അമരാവതി: കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. 15 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം ഇന്ന് പുലര്‍ച്ചെ 3:30 നാണ് സംഭവം.
ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസിലാണ് തീപിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ പെട്ടതായാണ് സംശയിക്കുന്നത്. അപകട സമയത്ത് ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15 ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.
അപകടം അറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ കര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കര്‍ണൂല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഇരുചക്ര വാഹനം ബസിന് അടിയില്‍ കുടുങ്ങിയതോടെ റോഡില്‍ ഉരഞ്ഞ് തീപടരുകയായിരുന്നു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.