ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അറിവോടെയാണ് 2016 ല്‍ താന്‍ രാജ്യം വിട്ടതെന്ന് വിവാദ വ്യവസായി വിജയ് മല്യ. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണ് രാജ്യം വിട്ടതെന്ന് മല്യ വെളിപ്പെടുത്തിയത്.
വിമാനത്താവളത്തിലേക്ക് പോകും മുന്‍പ് ജയ്റ്റ്‌ലിയോട് പറഞ്ഞിരുന്നുവെന്നും തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുവെന്നുമാണ് മല്യ വീഡിയോയില്‍ പറയുന്നത്.
അതേസമയം മല്യയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. 'നരേന്ദറു'ടെ സംവിധാനമൊന്നാകെ അടിയറവ് പറയുന്നവരുടേതായെന്നായിരുന്നു പാര്‍ട്ടി വക്താവ് പവന്‍ ഖേരയുടെ പരിഹാസം. 'നരേന്ദര്‍ മോഡി, അല്ല സറണ്ടര്‍ (അടിയറവയ്ക്കുന്ന) മോഡി'യാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചായിരുന്നു ഖേരയുടെ വിമര്‍ശനം.
മോഡി സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ തുറന്നുപറച്ചില്‍ എന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് ഈ വീഡിയോ ഭാഗം പങ്കുവച്ചിരിക്കുന്നത്. കിങ്ഫിഷര്‍ വിമാനക്കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതിന് കമ്പനിയുടമയായ മല്യ നിയമനടപടി നേരിടുകയാണ്.