അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ 110 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്കപ്പെടുത്തുന്ന സൂചനകള്‍.
230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അദേഹത്തിന്റെ നില അതീവ ഗുരുതരമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവിരം.
വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്മാരും ആറ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. മറ്റുള്ളവര്‍ ഇന്ത്യക്കാരായിരുന്നു. മലയാളികളും വിമാനത്തില്‍ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് എയര്‍പോര്‍ട്ടിനടുത്ത് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.39 ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. തകര്‍ന്നതിനു പിന്നാലെ വിമാനത്തിന് തീപിടിച്ചു. എന്‍ഡിആര്‍എഫ് സംഘങ്ങളും പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.