ട്രംപ് നയത്തിനെതിരെ യുഎസ് കാപ്പിറ്റോളിന് പുറത്ത് പ്രതിഷേധം; അറുപതോളം പേർ പൊലീസ് പിടിയില്‍

ട്രംപ് നയത്തിനെതിരെ യുഎസ് കാപ്പിറ്റോളിന് പുറത്ത് പ്രതിഷേധം; അറുപതോളം പേർ പൊലീസ് പിടിയില്‍

വാഷിങ്ടൺ ഡിസി: വെള്ളിയാഴ്ച വൈകുന്നേരം യുഎസ് കാപ്പിറ്റോളിന് പുറത്തുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് 60 പേരടങ്ങുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തതായി കാപ്പിറ്റോള്‍ പൊലീസ് അറിയിച്ചു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് കാപ്പിറ്റോള്‍ റൊട്ടുണ്ടയിലേക്കുള്ള പടികളിലേക്ക് നീങ്ങിയതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ പ്രതിഷേധക്കാരെ പിടികൂടിയത്.

ഫാസിസത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു വെറ്ററന്‍സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതിഷേധക്കാരെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ട്രംപിന്റെ സൈനിക വാർഷിക പരേഡിലും ലോസ് ഏഞ്ചൽസിൽ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിലും എതിർപ്പ് പ്രകടിപ്പിച്ചായിരുന്നു ഇവരെത്തിയതെന്നും റിപ്പോർട്ടുണ്ട്.

യുഎസ് കാപ്പിറ്റോളിന് എതിര്‍വശത്തുള്ള സുപ്രീം കോടതിയ്ക്ക് മുമ്പില്‍ ഏകദേശം 75 പേരടങ്ങുന്ന ഒരു സംഘം പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്ഥിതിഗതികൾ വഷളായതെന്ന് കാപ്പിറ്റോൾ പൊലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അൽപ്പസമയത്തിന് ശേഷം അവരിൽ 60 പേർ സുപ്രീം കോടതി വിട്ട് യുഎസ് ക്യാപിറ്റോളിലേക്ക് പോയി.

അവിടെ പൊലീസ് ലൈൻ മറികടന്ന് അതീവ സുരക്ഷാമേഖലയായ ക്യാപിറ്റോളിലേക്ക് കടക്കാൻ ശ്രമിച്ചു. കുറച്ചുപേര്‍ കാപ്പിറ്റോളിന് സമീപത്തേക്ക് എത്തുകയും പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ബൈക്ക് റാക്കുകള്‍ മറകടക്കുകയും ചെയ്തു. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിടിയിലായവര്‍ക്കെതിരെ നിയമവിരുദ്ധമായ പ്രകടനം, പൊലീസ് ലൈന്‍ മുറിച്ചുകടക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്നും കൂടുതല്‍ അക്രമാസക്തരായവര്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ അടക്കമുള്ള അധിക കുറ്റങ്ങള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.