ടെല്‍ അവീവ്: ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചു വിടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഞങ്ങള്‍ ടെഹ്‌റാനിലേക്കുള്ള വഴിയൊരുക്കിയിട്ടുണ്ട്. അധികം വൈകാതെ ഇസ്രയേലി വിമാനങ്ങളെയും പൈലറ്റുമാരെയും നിങ്ങള്‍ക്ക് ടെഹ്‌റാന്റെ ആകാശത്ത് കാണാമെന്നും നെതന്യാഹു വീഡിയോയില്‍ പറഞ്ഞു.
ഇറാനില്‍ നിന്നുള്ള ഇരട്ട ഭീഷണിയെ ചെറുക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ ലക്ഷ്യം. ആണവ-ബാലിസ്റ്റിക് മിസൈലുകളാണ് ഇറാനില്‍ നിന്ന് നേരിടുന്ന രണ്ട് ഭീഷണികള്‍. ഇക്കാര്യത്തില്‍ ഇസ്രയേല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇറാന്റെ മിസൈല്‍ ഉല്‍പാദനശേഷി നശിപ്പിക്കാനുള്ള നടപടികളാണ് ഇസ്രയേല്‍ പ്രതിരോധ സേന ഇപ്പോള്‍ നടത്തി വരുന്നത്. ഇതുവരെ ഇറാന്‍ അനുഭവിച്ചത് വരും ദിവസങ്ങളില്‍ അവര്‍ അനുഭവിക്കാന്‍ പോകുന്നതിനു മുന്നില്‍ ഒന്നുമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.