സെന്‍സസ് വിജ്ഞാപനം പുറത്തിറങ്ങി: വിവര ശേഖരണം രണ്ട് ഘട്ടങ്ങളിലായി; പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷം

സെന്‍സസ് വിജ്ഞാപനം പുറത്തിറങ്ങി: വിവര ശേഖരണം രണ്ട് ഘട്ടങ്ങളിലായി; പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷം

1931 ന് ശേഷം രാജ്യത്ത് ജാതി സെന്‍സസ് ആദ്യം.

ന്യൂഡല്‍ഹി: സെന്‍സസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ഒക്ടോബര്‍ ഒന്ന്, 2027 മാര്‍ച്ച് ഒന്ന്, എന്നിങ്ങനെ രണ്ട് ഘട്ടമായാണ് സെന്‍സസ് നടത്തുക. ജാതി സെന്‍സസും ഇതോടൊപ്പമുണ്ടാകും. 2011 ന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് സെന്‍സസ് നടത്തുന്നത്.

ആദ്യ ഘട്ടത്തില്‍ ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍ (എച്ച്എല്‍ഒ) ആണ്. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, മറ്റ് സൗകര്യങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ ശേഖരിക്കും.

ലഡാക്ക്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതലാകും സെന്‍സസ് ആരംഭിക്കുക. രാജ്യത്തെ മറ്റിടങ്ങളില്‍ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുക. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും.

സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടികള്‍ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിച്ചതിന് ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെന്‍സസാണിത്.

ഇനിയുള്ള സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ് നടത്തുക. കണക്കെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് സ്വയം ഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും.

93 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ജാതി സെന്‍സസ് നടത്തുന്നത്. 1931 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് മുമ്പ് ജാതി സെന്‍സസ് നടത്തിയിട്ടുള്ളത്. 2027 ആണ് അടിസ്ഥാന വര്‍ഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും മറ്റ് നടപടികളും അടുത്ത വര്‍ഷമായിരിക്കും. പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.