വിദ്യാര്‍ഥികളടക്കം ഏതാണ്ട് ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.
ടെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ ടഹ്റാനുമേല്‍ വീണ്ടും ആക്രമണം നടത്തുമെന്നും അതിനു മുമ്പ് ജനങ്ങള്‍ അവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമ സേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണ കേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും.
ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെ നിന്നും വേഗം ഒഴിഞ്ഞു പോകൂ, ഉടന്‍ ഞങ്ങള്‍ വീണ്ടും ആക്രമിക്കും'- അല്‍പനേരം മുന്‍പ് ടെല്‍ നോഫിലെ വ്യോമതാവളത്തില്‍ വെച്ച് നെതന്യാഹു പറഞ്ഞു.
ടെഹ്റാന്റെ വ്യോമപരിധി പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നാലാം ദിവസവും രൂക്ഷമായി തുടരുകയാണ്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും തങ്ങളുടെ പ്രതിരോധ സേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ ലോക രാഷ്ട്രങ്ങള്‍. ഇന്ത്യയും ഇതിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി.
വ്യോമപാത ഇറാന്‍ അടച്ചതിനാല്‍ കരമാര്‍ഗമുള്ള ഒഴിപ്പിക്കലിനാണ് ശ്രമം നടക്കുന്നത്. വിദ്യാര്‍ഥികളടക്കം ഏതാണ്ട് ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.