മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രയേല്‍ ബോംബിട്ടു; വടക്കന്‍ ഇസ്രയേലില്‍ ഇറാന്റെ പ്രത്യാക്രമണം

മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രയേല്‍ ബോംബിട്ടു; വടക്കന്‍ ഇസ്രയേലില്‍ ഇറാന്റെ  പ്രത്യാക്രമണം

ടെഹ്റാന്‍: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്ത് ഇസ്രയേലിന്റെ ബോംബിങ്. തത്സമയം സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം.

ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞു വീഴുന്നതും അവതാരക കസേരയില്‍ നിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തില്‍ കാണാം. ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അതിനിടെ ഇറാന്‍ തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വടക്കന്‍ ഇസ്രയേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണമുണ്ടായെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധയിടങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു.

ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ് വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചെങ്കിലും പിന്നീട് സാധാരണ നിലയിലായി. ആക്രമണ സമയത്ത് ലൈവിലുണ്ടായിരുന്ന വാര്‍ത്താ അവതാരക സഹര്‍ ഇമാമി വീണ്ടും തത്സമയ സംപ്രേക്ഷത്തിന് എത്തുകയും ചെയ്തു.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് കനത്ത ആക്രമണമുണ്ടായത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.