ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മഷ്ഹദില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഇറാനിലെ മഷ്ഹദില്‍ നിന്നും 290 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി രാത്രി പതിനൊന്നരയോടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. ഇവരിലേറെയും ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണ്.
അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരവും ഇന്ത്യയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മഹാന്‍ എയറിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയാണ് ഇറാനിയന്‍ നഗരമായ മഷ്ഹദില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും ആയിരത്തോളം പേരെ ഒഴിപ്പിക്കുന്നതിനായി അടച്ച വ്യോമാതിര്‍ത്തി ഇന്ത്യക്കായി ഇറാന്‍ തുറന്ന് തന്നതിനാലാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിനായി വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനി പറഞ്ഞു.